
ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അനിയന്ത്രിതമായ ഉള്ളടക്കത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എന്തു വൃത്തികേടും അപ്‌ലോഡ് ചെയ്യാനും ആരെയും അധിക്ഷേപിക്കാനും അശ്ലീലം പ്രചരിപ്പിക്കാനുമുള്ള നിലവിലെ സാഹചര്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ അടിയന്തരമായി നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വതന്ത്ര സ്ഥാപനം വേണം
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണങ്ങൾ നടത്തിയത്. മൊബൈൽ ഫോൺ ഓൺ ചെയ്യുമ്പോൾത്തന്നെ ആളുകൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ നിർബന്ധപൂർവം കയറിവരുന്ന സ്ഥിതിയാണുള്ളത്.
"എന്തു അനുവദിക്കാം, എന്തു പാടില്ല എന്ന് തീരുമാനിക്കാൻ ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തമായ ഒരു സ്വതന്ത്ര സ്ഥാപനം രൂപീകരിക്കണം. ഉത്തരവാദിത്വമുള്ള ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കണം. അങ്ങനെയുണ്ടായാൽ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും," കോടതി നിരീക്ഷിച്ചു.
അംഗപരിമിതരെ പരിഹസിച്ച കേസ്
'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന യൂട്യൂബ് ഷോയിൽ അംഗപരിമിതരെ പരിഹസിച്ചതിന് സമയ് റെയ്‌ന ഉൾപ്പെടെ അഞ്ചു കോമേഡിയൻമാർക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
കോടതിയുടെ വിമർശനം: കോമേഡിയൻമാരുടെ നടപടിയെ കോടതി വിമർശിച്ചു.
നിർദ്ദേശം: അംഗപരിമിതരുടെ ചികിത്സയ്‌ക്കും ക്ഷേമത്തിനുമായി പണം സ്വരൂപിക്കാൻ മാസത്തിൽ രണ്ടുവീതം പരിപാടികൾ നടത്താനും കോടതി നിർദ്ദേശിച്ചു.
ചോദ്യം: യൂട്യൂബിലൂടെയും മറ്റുമുള്ള പരിഹാസങ്ങൾക്ക് ദശലക്ഷക്കണക്കിന് പേരാണ് ഇരയാകുന്നത്. അപമാനിതരാകുന്നവർ എന്തുചെയ്യും? സാമൂഹ്യ മര്യാദ പാലിക്കാത്ത ഉള്ളടക്കം പടച്ചുവിടുന്നവർ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?
പ്രായം ആധാറിലൂടെ വെരിഫൈ ചെയ്യണം
ഉള്ളടക്കം കാണുന്നതിന് മുൻപ് പ്രായം പരിശോധിക്കുന്ന സംവിധാനം വേണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനായി ആധാർ നമ്പർ ഉപയോഗിച്ച് പ്രായം വെരിഫൈ ചെയ്തുകൂടേയെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
വിദഗ്ദ്ധസമിതി: വിവിധ മേഖലകളിലെ വിദഗ്ദ്ധർ, ജുഡീഷ്യറി, മാധ്യമ രംഗത്തുള്ളവർ എന്നിവരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധസമിതി രൂപീകരിക്കാവുന്നതാണ്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടക്കട്ടെ.
പുതിയ മാർഗ്ഗരേഖ അന്തിമഘട്ടത്തിൽ
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം സംബന്ധിച്ച് പുതിയ മാർഗ്ഗരേഖ അന്തിമമാക്കി വരികയാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചു. അംഗപരിമിതരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിപ്രായപ്പെട്ടു.
ഈ നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയ കോടതി, വിഷയം നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.











